പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാൻ അനുവദിക്കണം; കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം. പക്ഷികളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോൾ അവയെ കൊന്നു തള്ളാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അറിയിച്ചു.

പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ ചട്ടങ്ങളിൽ ഇളവ് വരുത്തി അനുമതി നൽകണമെന്നും കേരളം ആവശ്യപ്പെടുന്നു. എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏൽപിക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാൻ കാരണമെന്ന് നേരത്തെ ജസ്റ്റിസ് സിരിജഗൻ സമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം, അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോർപറേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുസ്ഥാപനങ്ങളും സുപ്രീംകോടതിയിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തു.

കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി പി പി ദിവ്യയും കോഴിക്കോട് ജില്ലാ കോർപറേഷന് വേണ്ടി സെക്രട്ടറി ബിനി കെ യുവുമാണ് സുപ്രീംകോടതിയിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തത്. 1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുൻസിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകൾ, പന്നികൾ എന്നിവയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിരുന്നു. എന്നാൽ 2001-ലെ എബിസി ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തദ്ദേശ സ്ഥാപനങ്ങൾ സുപ്രീം കോടതിയിൽ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്.