തീവ്രവാദ ബന്ധത്തിന് ശക്തമായ തെളിവുകള്‍; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ കേന്ദ്രം ആരംഭിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. തീവ്രവാദ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം സംബന്ധിച്ച ശക്തമായ തെളിവുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ ഇതിനായുള്ള നടപടികൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള വെല്ലുവിളികൾ മറികടക്കാനുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ ആവിഷ്‌ക്കരിച്ചതായാണ് വിവരം.

1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലർ ഫ്രണ്ടിനേയും ഉൾപ്പെടുത്തുക. 15 സംസ്ഥാനങ്ങളിലായി എൻഐഎയും ഇഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡുകളിൽ, തീവ്രവാദ പ്രവർത്തനങ്ങളിൽ പിഎഫ്ഐയുടെ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകൾ കണ്ടെത്തിയതായി കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ 12 സംസ്ഥാനങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. എക്കാലത്തെയും വലിയ അന്വേഷണ ഓപ്പറേഷൻ എന്നാണ് എൻഐഎ ഈ റെയ്ഡിനെ വിശേഷിപ്പിക്കുന്നത്.

പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം ഉൾപ്പെടെ ദേശീയ സംസ്ഥാന നേതാക്കളായ നിരവധി പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്. ഇവരിൽ ചിലരെ ഡൽഹിയിലേക്ക് കൊണ്ടു പോയതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. മറ്റുള്ളവരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തുകയും ചെയ്തു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നതതല യോഗം ചേർന്നിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, എൻഐഎ ഡിജി, അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. റെയ്ഡിനെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്നും മനസിലാക്കുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 29 ന് അമിത് ഷാ അന്വേഷണ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഒരു സുപ്രധാന കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.