കൊല്ലം: കൊല്ലം ജില്ലയിൽ പൊതുമരാമത്ത് വകുപ്പുമായി ബദ്ധപ്പെട്ട് തിങ്കളാഴ്ച്ച രാവിലെ ഫേസ്ബുക്കിൽ വന്ന പരാതികൾ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലയിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വിലയിരുത്താൻ വേണ്ടി അദ്ദേഹം കൊല്ലത്ത് സന്ദർശനം നടത്തിയിരുന്നു. തിങ്കളാഴ്ച്ച കൊല്ലം ജില്ലയിലെത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചിരുന്നു.
തുടർന്ന് ജില്ലയിലെ റോഡുകളുമായി ബന്ധപ്പെട്ട പരാതികൾ ജനങ്ങൾ ഫേസ്ബുക്കിലൂടെ അറിയിച്ചു. ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരെ കണ്ട മന്ത്രി ഫേസ്ബുക്കിലെ പരാതികൾ ചൂണ്ടിക്കാട്ടി. ഓരോ പരാതിയും പരിശോധിച്ച് പരിഹരിക്കാനുള്ള പദ്ധതികളും ടൈംലൈനും അദ്ദേഹം തയ്യാറാക്കി. ഫേസ്ബുക്കിലൂടെ അറിയിച്ച പരാതികൾക്ക് ഫേസ്ബുക്ക് ലൈവിലൂടെ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് വിശദീകരണം നൽകുകയും ചെയ്തു.
മഹാഭൂരിപക്ഷം പ്രവർത്തികളും വളരെ നല്ല രീതിയിൽ ഇടപെട്ട് ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ഇടപെടുന്നത്. എങ്കിലും സോഷ്യൽ മീഡിയയിലൂടെ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവ പരിഹരിക്കാൻ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഓരോ റോഡിന്റെയും പരാതികൾ സമയനിശ്ചിതമായി പരിഹരിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർമാർ നേതൃത്വം നൽകി മുന്നോട്ട് പോകും. പാളിച്ചകൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ ചൂണ്ടിക്കാട്ടാം. സുതാര്യത ഉറപ്പ് വരുത്തി ടീമായി നിന്ന് കൊണ്ട് ഇത്തരം കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എൻ ബാലഗോപാൽ പ്രതിനിധാനം ചെയ്യുന്ന കൊല്ലം ജില്ലയിലെ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. കൊട്ടാരക്കരയിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടാൽ തെക്കൻ കേരളത്തിന് ആകെ ആശ്വാസകരമാവും. അതിനു വേണ്ടി എല്ലാ ശ്രമങ്ങളും കേരള സർക്കാർ നടത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

