കൊച്ചി: ഓണ്‍ലൈന്‍ അവതാരകയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കുന്നതിനിടെയാണ് ചോദ്യം ഇഷ്ടപ്പെടാത്തതിനെ ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. മൂന്ന് ക്യാമറകളും ഓഫാക്കിച്ച ശേഷം ശ്രീനാഥ് ഭാസി വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. ‘സിനിമയുടെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുപ്രകാരം അഭിമുഖത്തിനായി അങ്ങോട്ടുപോകുകയായിരുന്നു. മോശമായി പെരുമാറിയതോടെ അഭിമുഖം അവസാനിപ്പിച്ച് മടങ്ങിപ്പോകാന്‍ ഒരുങ്ങിയ ഞങ്ങളെ തിരികെവിളിച്ച് സോറി പറഞ്ഞശേഷം വീണ്ടും അപമര്യാദയായി പെരുമാറി’- പരാതിക്കാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നടന്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

