വിസി നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണം; അന്ത്യശാസനം ഗവർണർ

തിരുവനന്തപുരം: കേരള സർവകലാശാല വിസി നിയമനത്തിൽ അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് വൈകിട്ടത്തേക്ക് മുന്നേ പ്രതിനിധിയെ നിർദേശിക്കണമെന്ന് കേരള സർവകലാശാല വിസിയോട് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ വിസിയുടെ കാലാവധി തീരുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രതിനിധിയെ നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർ കത്തയച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഈ ആവശ്യം സർവകലാശാല സെനറ്റ് അംഗീകരിക്കാൻ സാധ്യതയില്ല. അങ്ങനെ വന്നാൽ നിലവിലുള്ള രണ്ടംഗ സമിതിയുമായി, വിസി നിയമനത്തിൽ ഗവർണർ മുന്നോട്ടു പോകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അച്ചടക്ക നടപടിയുമായി ഗവർണർ മുന്നോട്ടു പോകുമോയെന്നും വ്യക്തമല്ല.

അതേസമയം, കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ ഗവർണർ വിസിക്ക് കത്ത് നൽകിയിരുന്നു. സെർച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കേരള സർവകലാശാല സെനറ്റ് പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിച്ചാണ് വിസി ഇതിന് മറുപടി നൽകിയത്. രണ്ട് പേരെ മാത്രം വച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയായില്ലെന്നും ആ നടപടി പിൻവലിക്കണമെന്നുമായിരുന്നു വിസി വ്യക്തമാക്കിയത്.