പട്ടാമ്പി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ. തനിക്ക് ഇതിനുള്ള പിന്തുണയുണ്ടെന്നും ശശി തരൂർ അറിയിച്ചു. വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കാനാണ് ശശി തരൂരിന്റെ തീരുമാനം. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ നിന്നും പിന്തുണയുണ്ടെന്നും കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പത്രിക നൽകിക്കഴിഞ്ഞാൽ പിന്തുണയ്ക്കുന്നവരുടെ എണ്ണവും വർദ്ധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുകയും ചെയ്തു. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിൽ നടന്ന കൂടിക്കാഴ്ച്ചയിൽ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുൾപ്പെടെയുള്ള സംഭവങ്ങൾ ചർച്ചാ വിഷയമായെന്നാണ് വിവരം.
കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് സെപ്തംബർ 30 വരെ പത്രിക സമർപ്പിക്കാം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മാത്രമാണ് നിലവിൽ മത്സര രംഗത്തുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

