തിരുവനന്തപുരം: തീവ്രവാദക്കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുള്‍ സത്താര്‍, സി എ റൗഫ് എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ ഐ എ. പ്രതികള്‍ രാജ്യം വിടാനുള്ള സാദ്ധ്യതയടക്കം ഉള്ളതുകൊണ്ടാണ് എന്‍ ഐ എയുടെ ഈ നീക്കം.
അതേസമയം, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് അബ്ദുള്‍ സത്താറും റൗഫുമാണെന്നാണ് എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പി എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ അബ്ദുള്‍ സത്താര്‍. പട്ടാമ്ബി സ്വദേശിയായ റൗഫ് പി എഫ് ഐ സംസ്ഥാന സെക്രട്ടറിയാണ്. നിലവില്‍ പി എഫ് ഐ സംസ്ഥാന- ജില്ലാ നേതാക്കളടക്കം കേസില്‍ പതിമൂന്ന് പ്രതികളാണ് ഉള്ളത്. ഇവരില്‍ പതിനൊന്ന് പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്‍ഐഎ റെയ്ഡ് നടത്തി കണ്ടെടുത്ത രേഖകളില്‍ നിന്ന് പ്രതികള്‍ ചില പ്രത്യേക വിഭാഗങ്ങളുടെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

