പാറ്റ്‌ന: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തി ലാലു പ്രസാദ് യാദവും നിതീഷ് കുമാറും. പ്രതിപക്ഷ ഐക്യ റാലിക്ക് പിന്നാലെയാണ് കൂടിക്കാഴ്ച്ച. സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ഐക്യത്തെ കുറിച്ച് വിശദമായി ചർച്ചയാകാമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതായി ലാലു പ്രസാദ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്നും ബീഹാർ മാതൃകയിൽ ഐക്യം വേണമെന്നും ലാലു പ്രസാദ് യാദവ് സോണിയാ ഗാന്ധിിയോട് ആവശ്യപ്പെട്ടു. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയിൽ പ്രതിപക്ഷ റാലി നടന്നു.
ഐഎൻഎൽഡി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന ദേവി ലാലിൻറെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് റാലി വിളിച്ച് ചേർത്തത്. അകാലിദൾ, ജെഡിയു, ശിവസേന പാർട്ടികൾ ഉൾപ്പെടെ റാലിയിൽ പങ്കാളികളായിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയും ആർജെഡി നേതാവുമായ തേജസ്വി യാദവും നിതിഷ് കുമാറും റാലിയിൽ പങ്കെടുത്തു. എന്നാൽ, മമത ബനർജിയും ചന്ദ്രശേഖര റാവുവും യോഗത്തിൽ പങ്കെടുത്തില്ല.

