കിഫ്ബിക്കെതിരായ അന്വേഷണം തടസപ്പെടുത്താന്‍ തോമസ് ഐസക് ശ്രമിക്കുന്നു: ഇ.ഡി

കൊച്ചി: മുന്‍ ധനന്ത്രി തോമസ് ഐസക് കിഫ്ബിക്കെതിരായ ഫെമ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഐസക് തെറ്റായ വിവരങ്ങള്‍ ഇഡിയ്‌ക്കെതിരെ ഉന്നയിക്കുന്നുണ്ടെന്നും ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇ.ഡിയ്ക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2500 കോടി രൂപയാണ് മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചിരിക്കുന്നത്. ഇതിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, കേസിന്റെ അന്വേഷണം തടസപ്പെടുത്താന്‍ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നു. ഐസക് ഇ.ഡിയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാനാണ് ഐസകിന്റെ ശ്രമം. അന്വേഷണവുമായി സഹകരിക്കുകയാണ് ചെയ്യേണ്ടത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ കിഫ്ബി ഫെമ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകൂ. ഇപ്പോള്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. കിഫ്ബി ഉദ്യോഗസ്ഥരെ വിളിപ്പിച്ചെങ്കിലും പലരും അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണം തടസപ്പെടുത്താന്‍ സാധ്യമായ എല്ലാ വഴികളുമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്- എന്നൊക്കെയാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണങ്ങള്‍.