എൻഐഎ റെയ്ഡ്; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ആസ്ഥാനങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ അറസ്റ്റിലായ നേതാക്കളെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ വിട്ടത്. എൻഐഎ പരിശോധനയെ തുടർന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ സെപ്തംബർ 30ന് രാവിലെ 11 മണിക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം.

11 നേതാക്കളെയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന ആരോപണങ്ങളാണ് കസ്റ്റഡി അപേക്ഷയിലും ദേശീയ അന്വേഷണ ഏജൻസി ഉന്നയിച്ചിട്ടുള്ളത്.

ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ജൂലൈ 12 ന് പട്നയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നത്. പോപ്പുലർ ഫ്രണ്ട് ഇക്കാര്യത്തിനായി പ്രത്യേക പരിശീലന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ ഉത്തർപ്രദേശിലെ ചില പ്രമുഖർക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമെതിരെ ഒരേസമയം ആക്രമണം നടത്താൻ ഭീകരവാദ സംഘങ്ങൾക്ക് രൂപം നൽകിയതായും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.