ധാക്ക: രോഹിങ്ക്യന് അഭയാര്ത്ഥികള് ബംഗ്ലാദേശിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. യുഎന് ജനറല് അസംബ്ലിയുടെ 77-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹസീന.
‘രോഹിങ്ക്യകളുടെ സാന്നിദ്ധ്യം ബംഗ്ലാദേശിന്റെ സമ്ബദ്വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും സുരക്ഷയ്ക്കും സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിനുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുകയാണ്. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, അതിര്ത്തി കടന്നുള്ള കുറ്റകൃത്യങ്ങള് എന്നിവയെല്ലാം വര്ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം ഇനിയും തുടരുകയാണെങ്കില് അത് രാജ്യത്തിന് അപ്പുറത്തുള്ള സുരക്ഷയെ വരെ ബാധിച്ചേക്കാം. 2017ലാണ് മ്യാന്മറില് നിന്ന് ബംഗ്ലാദേശിലേക്ക് രോഹിങ്ക്യകള് കൂട്ടത്തോടെ പലായനം ചെയ്തത്. എന്നാല്, ഇതുവരെ ഇവരെ മ്യാന്മറിലേക്ക് തിരിച്ചയക്കാന് സാധിച്ചിട്ടില്ല. രാജ്യത്തെ പല പ്രശ്നങ്ങളും രോഹിങ്ക്യകളെ തിരിച്ചയക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇക്കാര്യത്തില് യുഎന്നിന്റെ ഫലപ്രദമായ ഇടപെടല് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’- അവര് വ്യക്തമാക്കി.

