തോല്‍വിയോടെ മടക്കം!

ലേവര്‍കപ്പ് ടെന്നീസില്‍ തോല്‍വിയോടെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പ്രൊഫഷല്‍ ടെന്നീസില്‍ നിന്ന് മടങ്ങി. ജാക്സോക്-ഫാന്‍സസ് തിയാഫോ സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-7, 6-7, 9-11. ടീം യൂറോപ്പ് എന്ന പേരിലാണ് ഫെഡറര്‍-നദാല്‍ സഖ്യം മത്സരത്തിനിറങ്ങിയത്. ടീം വേള്‍ഡ് എന്ന പേരിലാണ് ജാക്സോക്-ഫാന്‍സസ് തിയോഫോ സഖ്യം ഇറങ്ങിയത്. കരിയറിലെ തന്റെ അവസാന മത്സരമായിരിക്കും ഇതെന്ന പ്രഖ്യാപനം ഫെഡറര്‍ നേരത്തെ നടത്തിയിരുന്നു. 24 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്.

നാല്‍പത്തിയൊന്നുകാരനായ ഫെഡറര്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടണ്ട്. കരിയറില്‍ ഇതുവരെ 103 കിരീടങ്ങള്‍ സ്വന്തമാക്കി. മൂന്ന് വര്‍ഷത്തിലധികമായി തുടരുന്ന പരിക്കാണ് വിരമിക്കാന്‍ കാരണമെന്ന് ഫെഡറര്‍ വ്യക്തമാക്കിയിരുന്നു. 1998ല്‍ വിമ്ബിള്‍ഡര്‍ ജൂനിയര്‍ കിരീടം നേടിക്കൊണ്ടാണ് ഫെഡറര്‍ കളിക്കളത്തിലേക്കുള്ള തന്റെ വരവറിയിച്ചത്. പിന്നീട് അവിടെ നിന്ന് മാത്രം നേടിയത് എട്ട് കിരീടങ്ങളാണ്.

അഞ്ച് യുഎസ് ഓപ്പണ്‍, ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണ്‍ എന്നിവയും ഫെഡറര്‍ നേടി. പുരുഷ ടെന്നീസില്‍ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണത്തില്‍ നൊവാക് ജോക്കോവിച്ച് (21) റഫേല്‍ നദാല്‍ (22) എന്നിവര്‍ മാത്രമാണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്. തുടര്‍ച്ചയായി 237 ആഴ്ച ലോകറാങ്കിങ്ങില്‍ ഒന്നാമനമായി തുടര്‍ന്നുവെന്ന റെക്കോര്‍ഡും ഫെഡററുടെ പേരിലുണ്ട്.