പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധം; പൊതുമുതൽ നശിപ്പിച്ചവ‍ര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി. എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി വ്യക്തമാക്കി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി അറിയിച്ചു.

ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവർക്കെതിരെയും നടപടി വേണമെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ഹർത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു- സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹർത്താലിന്റെ വിശദാംശങ്ങൾ അറിയിക്കണം. ആക്രമണങ്ങൾ തടയാനുള്ള നടപടികൾ വേണം. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. സമരങ്ങൾ നടത്തുന്നതിനെയല്ല കോടതി എതിർക്കുന്നതെന്നും മിന്നൽ ഹർത്താലുകളെയും ആക്രമണങ്ങൾക്കെതിരെയുമാണ് നടപടി ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.