ഇന്ധന സാന്നിദ്ധ്യമെന്ന് സൂചന; കൊല്ലത്ത് കടലിനടിയില്‍ ഖനനം ആരംഭിച്ചു

കൊല്ലം: ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്ബനിയുടെ നേതൃത്വത്തില്‍ കൊല്ലം തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ആഴക്കടലില്‍ ഇന്ധന പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ദ്രവ, വാതക ഇന്ധനങ്ങള്‍ കണ്ടുപിടിക്കാനാണ് പര്യവേക്ഷണം. കൂറ്റന്‍ കപ്പലുകളും ടഗുകളും ഉപയോഗിച്ച് ഏകദേശം രണ്ട് മാസം നീളുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. കടലിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം

അതേസമയം, രണ്ട് വര്‍ഷം മുമ്ബ് കൊല്ലം മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗത്തെ ആഴക്കടലില്‍ ഇന്ധന പര്യവേഷണം നടത്തിയിരുന്നു. എന്നാല്‍, കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗത്താണ് ഇപ്പോള്‍ പര്യവേഷണം നടത്തുന്നത്. ഇന്ധനം, ജീവനക്കാര്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ സംഭരിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. പര്യവേഷണത്തിന് നാവികസേനയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ധന സാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കും ഖനനം ആരംഭിക്കുക. പര്യവേഷണം 20 നോട്ടിക്കല്‍ മൈലിന് പുറത്തായതിനാല്‍ ഖനനം ആരംഭിച്ചാലും മത്സ്യബന്ധനത്തെ ബാധിക്കില്ല.

പര്യവേഷണം നടത്തി കണ്ടെത്തുന്ന ഇന്ധനം ഖനനം ചെയ്ത് സംസ്‌കരണത്തിനായി കൊണ്ടുപോകുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. അതിനാല്‍ കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് സ്ഥിരം ചരക്ക് നീക്കത്തിന് അവസരം ഒരുക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.