നടിയെ ആക്രമിച്ച കേസില് വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില് ഹര്ജി നല്കും. ‘ഹൈക്കോടതിയില് നിന്ന് നീതി ലഭിച്ചില്ലെന്നാണ് അതിജീവിതയുടെ ബോധ്യം. നീതി നടപ്പായാല് മാത്രം പോരാ, നീതിയാണ് നടപ്പിലായതെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്ന തത്വം നടപ്പാകണം. വിചാരണക്കോടതിയില് നിന്ന് നീതി ലഭിക്കുമോയെന്ന് ആശങ്കപ്പെടുന്നതില് തക്കതായ കാരണങ്ങളുണ്ട്. സുപ്രീംകോടതിയെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തും. അതിജീവിതയില് ആശങ്ക വളര്ത്തിയത് മാധ്യമങ്ങളാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിനോടും യോജിപ്പില്ല’- അതിജീവിതയുടെ അഭിഭാഷകന് അഡ്വ. സഞ്ജയ് പി പ്രതികരിച്ചു.
അതേസമയം, വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം, ജഡ്ജിക്കെതിരായ ആരോപണങ്ങളില് കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹര്ജി തള്ളിയ വിധിയുടെ വിശദാംശങ്ങള് പ്രസിദ്ധീകരിക്കരുതെന്ന് അതിജീവിതയുടെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അത്തരം കീഴ്വഴക്കമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് അതിജീവിതയുടെ ആവശ്യം കോടതി തള്ളിയത്.
എന്നാല്, മാധ്യമങ്ങള് പരിധി വിട്ടെന്നും, കോടതി നടപടികള് മനസ്സിലാക്കാതെയാണ് വാര്ത്തകള് നല്കിയതെന്നും ഹൈക്കോടതി വിമര്ശിച്ചു. ഇത്തരം മാധ്യമ വാര്ത്തകളാണ് അതിജീവിതയുടെ ആശങ്കകള്ക്കടിസ്ഥാനം. ബാഹ്യ ഇടപെടലുകളില്ലാതെ വിചാരണ നടത്താന് ജുഡീഷ്യറിയെ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.

