കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലര് ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്ത്താലില് പലയിടത്തും വ്യാപക കല്ലേറ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കാസര്കോട്, തൃശൂര്, കണ്ണൂര് എന്നീ ജില്ലകളിലാണ് അക്രമ സംഭവങ്ങള് ഉണ്ടായത്.
കോഴിക്കോട് സിവില് സ്റ്റേഷന് സമീപത്തുണ്ടായ കല്ലേറില് കെ എസ് ആര് ടി സി ഡ്രൈവര്ക്ക് കണ്ണിന് പരിക്കേറ്റു. വടകരയിലും വടക്കാഞ്ചേരിയിലും ലോറിയ്ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം കുമരിചന്തയില് സ്വകാര്യ വാഹനങ്ങള്ക്ക് നേരെ കല്ലേറ് നടന്നു. എയര്പോര്ട്ടിലേയ്ക്ക് പോയ കാറിന്റെയും, യാത്രക്കാരുമായി എത്തിയ ഓട്ടോയുടെയും ചില്ല് സമരാനുകൂലികള് തകര്ത്തു. ആലപ്പുഴ ജില്ലയില് ബസിന്റെയും ടാങ്കറിന്റെയും ചില്ലുകള് തകര്ത്തു. അമ്ബലപ്പുഴയില് ലോറിയ്ക്ക് നേരെയുണ്ടായ കല്ലേറില് ഡ്രൈവര്ക്ക് പരിക്കേറ്റു. കാസര്കോട് കമ്ബളയില് ചരക്ക് ലോറിയ്ക്ക് നേരെ കല്ലെറിഞ്ഞു. കണ്ണൂരില് വാഹനത്തിന് നേരെ പെട്രോള് ബോംബ് എറിഞ്ഞു. തിരുവനന്തപുരത്ത് പോത്തന്കോട് കടകള്ക്ക് നേരെ ആക്രമണമുണ്ടായി. കൊല്ലം പള്ളിമുക്കില് സമരാനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി.
അതേസമയം, കൊച്ചിയില് ആലുവ – പെരുമ്ബാവൂര് റൂട്ടിലോടുന്ന രണ്ട് കെ എസ് ആര് ടി സി ബസുകളുടെ ചില്ല് ഹര്ത്താല് അനുകൂലികള് എറിഞ്ഞു തകര്ത്തു. ആലപ്പുഴയില് ദേശീയപാതയിലെ അമ്ബലപ്പുഴ കാക്കാഴത്തും നീര്ക്കുന്നത്തുമായാണ് രണ്ട് കെ എസ് ആര് ടി സി ബസുകള്ക്കുനേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെ എസ് ആര് ടി സി ബസുകള്ക്കുനേരെ കല്ലേറുണ്ടായി.

