കൊച്ചി: സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന കണ്ടെത്തലുമായി ദേശീയ അന്വേഷണ ഏജൻസി. ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പ്രതികൾ പങ്കാളികളായെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. അതേസമയം, പോപ്പുലർ ഫ്രണ്ട് നേതാക്കൾ എൻഐഎയുടെ ആരോപണം തള്ളി.
പോപ്പുലർ ഫ്രണ്ട് ദേശീയ ഭാരവാഹി കരമന അഷ്റഫ് മൊലവി ഉൾപ്പെടെ നിരവധി പേരെ കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. നാല് ദിവസം മുൻപ് തുടങ്ങിയ തയ്യാറെടുപ്പിനൊടുവിലാണ് എൻ ഐ എ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്.
ഒഎംഎ സലാം ദേശീയ പ്രസിഡന്റ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡന്റ് (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൽ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന (തമിഴ്നാട് സ്വദേശി), മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തു നിന്നും പിടികൂടിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച്ച പരിശോധന നടന്നത്. കേരളത്തിൽ ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ റെയ്ഡ് നടത്തുന്നത്. കേന്ദ്ര സേനയെ വിന്യസിച്ചായിരുന്നു റെയ്ഡ്. കോഴിക്കോട്ടെ ആസ്ഥാന മന്ദിരത്തിലും റെയ്ഡ് നടത്തി.

