ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര് എന്ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്ആര്ആര്, കശ്മീരി പണ്ഡിറ്റുകളുടെ യാഥാര്ത്ഥ ജീവിതത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര് ഫയല്സ് എന്നീ ചിത്രങ്ങളെ പിന്തള്ളിക്കൊണ്ടാണ് പാന് നളിന് സംവിധാനം ചെയ്ത ‘ചെല്ലോ ഷോ’യെ ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ ഔദ്യോഗിക ഓസ്കാര് എന്ട്രിയായി തിരഞ്ഞെടുത്തത്.
ചെല്ലോ ഷോ എന്ന വാക്കിന്റെ അര്ത്ഥം അവസാന സിനിമാ പ്രദര്ശനം എന്നാണ്. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓര്മ്മകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താന് എങ്ങനെ സിനിമയില് ആകൃഷ്ടനായി എന്നാണ് നളിന് ‘ചെല്ലോ ഷോ’ എന്ന തന്റെ ചിത്രത്തിലൂടെ പറയുന്നത്.
ഒമ്ബത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലന് സിനിമാ പ്രൊജക്ടര് ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകള് കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യില് ദൃശ്യവത്കരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര് എന്ട്രിയായി തന്റെ ചിത്രത്തെ തിരഞ്ഞെടുത്തതില് നന്ദി അറിയിച്ച് സംവിധായകന് രംഗത്തു വന്നു. ‘എന്റെ ദൈവമേ..ചെല്ലോ ഷോയില് വിശ്വസിച്ചതിന് നന്ദി. ഇപ്പോള് എനിക്ക് വീണ്ടും ശ്വസിക്കാം. വിജ്ഞാനം പകരുന്നതും പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നതുമായ സിനിമയില് വിശ്വസിക്കാം’ എന്നാണ് പാന് നളിന് ട്വിറ്ററില് കുറിച്ചത്.

