ടി-20: ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ ഓസീസിന് ജയം

മൊഹാലി: ഇന്ത്യക്കെതിരായ ടി 20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഓസീസിന് ജയം. ഇന്ത്യയെ നാല് വിക്കറ്റിനാണ് കംഗാരുക്കള്‍ പരാജയപ്പെടുത്തിയത്. മാത്യു വെയ്ഡിന്റെ ഉഗ്രന്‍ പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. 21 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയാണ് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കംഗാരുക്കളെ വിജയത്തിലേക്ക് ആനയിച്ചത്.

അവസാന ഓവറുകളില്‍ കൊടുങ്കാറ്റായ വെയ്ഡ് 2 സിക്സറുകളും ആറ് ബൗണ്ടറിയും നേടി അപരാജിതനായി നിന്നു. നാല് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസീസ് വിജയം സ്ന്തമാക്കിയത്. ടോസ് നേടിയ ഓസീസ് ക്യാപ്ററന്‍ ആരണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റിന് 208 റണ്‍സെടുത്തു. എന്നാല്‍ നാല് പന്തുകള്‍ അവശേഷിക്കെ കംഗാരുക്കള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുളള പരമ്ബരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍(61) ആണ് ഓസീസിന്റെ ഇന്നിംഗ്സിന് അടിത്തറയിട്ടത്. 30 പന്തുകളില്‍ നിന്നായിരുന്നു ഗ്രീനിന്റെ പ്രകടനം.

ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നായകന്‍ രോഹിത്ശര്‍മ്മ(11), മുന്‍ നായകന്‍ വിരാട് കോഹ്ലി(2) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും യുവ താരങ്ങള്‍ അവസരത്തിന് ഒത്ത് ഉയര്‍ന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ വേഗതയാര്‍ന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ 200 കടത്തിയത്. 30 പന്തുകളില്‍ നിന്ന് 71 റണ്‍സ് എടുത്ത പാണ്ഡ്യ അഞ്ച് സിക്സറുകളും ഏഴ് ഫോറും അടിച്ചു. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(55) റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 25 പന്തുകളില്‍ 46 റണ്‍സെടുത്തു ടീമിന് മികച്ച അടിത്തറ നല്‍കി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പാണ്ഡ്യ 20ാം ഓവറിലെ അവസാന മൂന്ന് പന്തുകള്‍ സിക്സര്‍ പറത്തിയാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്.