കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഉടൻ ആശുപത്രി വിട്ടേക്കാൻ കഴിഞ്ഞേക്കും

ചെന്നൈ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില മെച്ചപ്പെട്ട കോടിയേരിയുടെ ഫോട്ടോ പുറത്തു വന്നു. കോടിയേരിയുടെ പി എ എം കെ റജുവാണ് അദ്ദേഹത്തിന്റെ ഫോട്ടോ പങ്കുവച്ചത്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തന്നെയാണ് എം കെ റജുവും.

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ 2 ആഴ്ച കൊണ്ട് അദ്ദേഹത്തിന് ആശുപത്രി വിടാൻ കഴിയുമെന്നുമാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, സന്ദർശകർക്ക് വിലക്ക് ഇപ്പോഴും തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണനാണ് നേതൃത്വത്തെ അറിയിച്ചത്.

സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് പോയത്.