സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം മാത്രം റിവ്യൂ നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ് സിനിമ

സിനിമ റിലീസ് ചെയ്ത് ഇന്റര്‍വെല്‍ ആകുമ്‌ബോഴേക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുകയും സിനിമകളെ അത് ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം മാത്രം റിവ്യൂ നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് തമിഴ് സിനിമ വ്യവസായം.

സിനിമാ മേഖലയില്‍ ഏറെ നാളായി ഉന്നയിക്കപ്പെടുന്നതാണ് ഈ ആവശ്യം. യൂട്യൂബ് റിവ്യൂകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും ട്വിറ്റര്‍ മീമുകളും റിവ്യൂകളും ഓരോ സെക്കന്‍ഡിലും വന്ന് നിറയുകയാണ്. ഇതുമൂലം പല സിനിമകളും വാണിജ്യപരമായി പരാജയപ്പെടുമെന്ന സാഹചര്യത്തില്‍ ആണ് അടിയന്തര തീരുമാനം. തിയേറ്ററുകള്‍ യൂട്യൂബ് ചാനലുകളെ തങ്ങളുടെ കെട്ടിട പരിസരത്ത് റെസ്‌പോണ്‍സുകള്‍ എടുക്കാന്‍ അനുവദിക്കരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം സിനിമകളുടേയും റിലീസ് വെള്ളിയാഴ്ചയാണ്. അതിനാല്‍ ഞായറാഴ്ച കഴിഞ്ഞ് മാത്രം റിവ്യൂകള്‍ നല്‍കുക എന്നതാണ് ആവശ്യം.