കൊച്ചി: തനിക്കെതിരെ പുതുതായി ഉയർന്നു വന്ന ആരോപണങ്ങൾ തള്ളി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി ആരോപണം ഉന്നയിച്ചശേഷം, ഇപ്പോൾ നിശബ്ദയായെന്ന വിമർശനങ്ങൾ തള്ളിയാണ് സ്വപ്നാ സുരേഷ് രംഗത്തെത്തിയത്. തന്റെ പോരാട്ടം തുടരുമെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ സൈലന്റ് ആയി എന്ന പ്രചാരണം ശരിയല്ല. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം നല്ല നിലയിൽ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതിൽ തൃപ്തയാണെന്നും സ്വപ്ന വെളിപ്പെടുത്തി. രാഷ്ട്രീയ താത്പര്യം വച്ച് ദിവസവും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല. ഇ ഡി അന്വേഷണം കഴിയട്ടെ. നീതി കിട്ടും എന്നാണ് പ്രതീക്ഷയെന്നും സ്വപ്ന വിശദീകരിച്ചു.
തനിക്കും സരിത്തിനും ബെംഗളൂരുവിൽ ജോലി കിട്ടി. അവിടേക്ക് മാറാൻ അനുവാദം തേടി കോടതിയെ സമീപിക്കും. എന്നാൽ ജോലി കിട്ടിയത് തടയാൻ കേരള പോലീസ് വഴി ശ്രമം നടന്നു. ബെംഗളൂരു പൊലീസ് ഇടപെട്ടാണ് അത് തടഞ്ഞതെന്നും സ്വപ്ന പറയുന്നു. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് HRDS ഇഡിക്ക് പരാതി നൽകിയതിനെപ്പറ്റി അറിയില്ല. തന്റെ അറിവോടെയല്ല ഇത് ചെയ്തത്. അവരുടെ താല്പര്യം എന്തെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.

