കെഎസ്ആർടിസിയുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയല്ല; മികച്ച പൊതുഗതാഗതം നൽകുകയാണെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ലക്ഷ്യം ലാഭമുണ്ടാക്കുകയല്ല, മറിച്ച് സംസ്ഥാനത്തുടനീളം മികച്ച പൊതുഗതാഗതം ഒരുക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പറവൂർ കെഎസ്ആർടിസി ഡിപ്പോയുടെ സ്ഥലത്ത് പുതുതായി ഒരുക്കിയ യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡിപ്പോയോട് ചേർന്ന് പെട്രോൾ-ഡീസൽ പമ്പുകൾ സ്ഥാപിക്കുന്നത് കെഎസ്ആർടിസിയ്ക്ക് ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചാണ്. കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികളുടെ സഹകരണത്തോടെയാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത്. ഗുണമേന്മയും കൃത്യമായ അളവിലും തൂക്കത്തിലുമുള്ള പെട്രോളിയം ഉത്പന്നങ്ങൾ യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റുകളിൽ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സമീപഭാവിയിൽ സിഎൻജി, എൽഎൻജി., വൈദ്യുതി ഫാസ്റ്റ് ചാർജിങ് എന്നിവയും ഇങ്ങനെ ലഭ്യമാക്കും. കേരളത്തിലെ ഒമ്പതാമത്തെ ഔട്ട്‌ലെറ്റാണ് പറവൂരിലേത്. ഗതാഗതത്തോടൊപ്പം ഇന്ധന വിതരണ രംഗത്തും കെഎസ്ആർടിസി സജീവ സാന്നിധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മേഖലയിലെ ജീവനക്കാർക്ക് പെൻഷൻ നൽകുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു.