ഗവർണർ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീഭാവമാകരുത്; പദവിയിലിരുന്ന് തരംതാഴരുതെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീഭാവമാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ചുപറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എന്തെങ്കിലും പറയരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മാറ്റി മറ്റ് പാർട്ടികൾക്ക് വിട്ടുകൊടുക്കണം. ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടതെന്ന് അദ്ദേഹം വിശദമാക്കി. സിപിഎം കണ്ണൂർ കോട്ടയം സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ പദവിയിലിരുന്ന് തരംതാഴരുത്. ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണ്. ബിജെപിയുടെ അണികൾ പറയുന്നതിനെക്കാൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണ്. കൈയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണം. തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോ എന്നാണ് ആർഎസ്എസ് ശ്രമിക്കുന്നത്. തങ്ങൾ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആർഎസ്എസിന്റെ ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജർമ്മനിയുടെ ആഭ്യന്തര ശത്രുക്കൾ എന്ന ആശയം കടമെടുത്ത് ആർഎസ്എസ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നു. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകണം അതിന്റെ ഭാഗമായി വ്യത്യസ്തമായ പാർട്ടികൾ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. കമ്യൂണിസ്റ്റ് പാർട്ടി കയ്യൂക്ക് കൊണ്ടാണത്രേ കാര്യങ്ങൾ കാണുന്നത്. കേരളത്തിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രം അദ്ദേഹം ഉൾക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്യൂണിസ്റ്റ് വേട്ട നടന്നിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.