ന്യൂഡൽഹി: ഗവർണറുമായുള്ള പോരിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കണ്ണൂരിൽ ചരിത്ര കോൺഗ്രസ് വേദിയിൽ അപായപ്പെടുത്താൻ നീക്കം നടന്നെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ ആരോപണവിധേയനായ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്ന് വി മുരളീധരൻ വ്യക്തമാക്കി. കെ കെ രാഗേഷിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
വരുതിയിൽ വന്നില്ലെങ്കിൽ വകവരുത്തുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കിൽ കണ്ണൂരിൽ നടന്നത് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ എന്ന് പറയേണ്ടി വരും. അഴിമതിയെ ചോദ്യം ചെയ്യുമ്പോൾ ഗവർണറെ അധിക്ഷേപിച്ചും വളഞ്ഞിട്ട് ആക്രമിച്ചും സിപിഎം മുന്നോട്ടുവരുകയാണ്. ഓണാഘോഷ പരിപാടിയിൽ നിന്ന്് ഗവർണറെ ഒഴിവാക്കുന്നതുവരെ കണ്ടു. ഗവർണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്ന് വി മുരളീധരൻ പറഞ്ഞു.
ജനഹിതം അറിഞ്ഞ് ഗവർണർ അഴിമതിക്കെതിരായി നിലകൊള്ളുമ്പോൾ സിപിഎം വിറളിപിടിച്ച് പെരുമാറുകയാണ്. ആർഎസ്എസ് നേതാക്കളെ ഗവർണർ കാണുന്നതിൽ അസ്വാഭാവികതയില്ല. ആർഎസ്എസ് നിരോധിത സംഘടനയല്ല. മാധ്യമപ്രവർത്തകർ സിപിഎമ്മിന്റെ വക്കാലത്ത് ഏറ്റെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

