ഗുരുവായൂർ ദേവസ്വത്തിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിൽ തെറ്റുണ്ടോ; ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വത്തിന് ഭക്തരിൽ നിന്ന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിൽ തെറ്റുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ക്ഷേത്രത്തിന് ഭക്തർ നൽകുന്ന പണം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ദേവസ്വം ബോർഡിന് ഇല്ലേയെന്നും കോടതി ചോദിക്കുന്നു. ഗുരുവായൂർ ദേവസ്വം ബോർഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ നൽകാൻ ആകില്ലെന്ന ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

കേസിൽ തൽസ്ഥിതി തുടരണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഗുരുവായൂർ ദേവസ്വം 10 കോടി രൂപയാണ് പ്രളയ കാലത്തും കോവിഡ് കാലത്തുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാൽ, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്നായിരുന്നു ഹൈക്കോടതി ഫുൾ ബെഞ്ച് അറിയിച്ചിരുന്നത്. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്ക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ഗുരുവായൂരപ്പന്റെ ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ വാദിച്ചു. ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ല. ധർമ്മ പ്രചാരകൻ ആയിരുന്നു ശ്രീകൃഷ്ണനെന്നും അതിനാൽ തന്നെ കൃഷ്ണന്റെ പേരിലുള്ള ക്ഷേത്രത്തിന് പൊതു ജനങ്ങൾക്കായി പണം ചെലവഴിക്കാവുന്നതാണെന്നുമാണ് ദേവസ്വത്തിന്റെ വാദം.

ഭക്തരിൽനിന്ന് ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേത്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ചെലവുകൾക്കുമായി വിനിയോഗിക്കാം എന്നതിൽ തർക്കമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.