ഗവർണർ പദവിയിൽ നിന്ന് രാജിവെച്ച് പോകുന്നതാണ് ഉചിതം; ഇ പി ജയരാജൻ

കണ്ണൂർ: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തു നിന്ന് ഉണ്ടായത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വ്യക്തിവിരോധം വച്ചു പുലർത്തുന്നയാളായി ഗവർണർ അധിപതിച്ചു. ഇനി അദ്ദേഹം ഗവർണറായി ഇരിക്കുന്നത് പരിഹാസ്യതയാവും. ഒരു ഗവർണർ ആ പദവി പൂർണമായും ദുരുപയോഗം ചെയ്യുന്നു. വാർത്ത സമ്മേളനം വിളിച്ചു ചേർത്ത് RSS പ്രചാരകന്റെ ദൗത്യം നിർവ്വഹിക്കുകയാണ്. വലിയ നിലവാര തകർച്ചയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണ് ഗവർണർ. ഇന്നത്തെ വാർത്ത സമ്മേളനത്തിൽ പുതുതായി ഒന്നുമില്ല. ആർഎസ്എസുമായിട്ട് 85 ൽ തന്നെ നല്ല ബദ്ധമുള്ളയാളാണെന്ന് പത്ര സമ്മേളനത്തിൽ ഗവർണർ തന്നെ പറഞ്ഞു. ആർഎസ്എസുകാരനായി ഗവർണർ സ്ഥാനത്ത് ഇരിക്കാനാവില്ലെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.

പ്രതീക്ഷക്കനുസരിച്ച് RSS നെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങൾ കിട്ടാതായി എന്ന തോന്നൽ ഗവർണർക്കുണ്ട്. ഗവർണർക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തിയാണെന്നും അദ്ദേഹം ആരോപിച്ചു.