ചെറുപ്പം മുതല് ഷാരൂഖ് ഖാന്റെ ആരാധകനാണെന്നും ഷാരൂഖുമായി തന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുല്ഖര് സല്മാന് പ്രതികരിച്ചു. ‘ഒരു മാതൃകയാണ് അദ്ദേഹം. പ്രത്യേകിച്ച് ആളുകളോട് സംസാരിക്കുന്നതിലും ഇടപെഴകുന്നതിലും സ്ത്രീകളെ ബഹുമാനിക്കുന്നതിലും. ആളുകള് നിറഞ്ഞ ഒരു മുറിയില് പോലും ഷാരൂഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കില് ആ മുറിയില് നിങ്ങള് മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകുമെന്നും ദുല്ഖര് പറഞ്ഞു.
‘അദ്ദേഹത്തിന്റെ സിനിമകള് കണ്ടാണ് ഞാന് വളര്ന്നത്. സഹോദരിക്കൊപ്പം പോയി ഒന്നിലേറെ തവണ ദില്വാലെ ദുല്ഹനിയാ ലേ ജായേം?ഗേ കണ്ടിട്ടുണ്ട്. എന്റെ ഇഷ്ടസിനിമകളില് ഒന്നാണത്. എപ്പോഴും പ്രചോദനമാണ് അദ്ദേഹം. നടനെന്നതിലുപരി നല്ല വ്യക്തിത്വത്തിനുടമകൂടിയാണ് ഷാരൂഖ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള് ഉണ്ടായപ്പോള് അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ആളുകളുമായി ഇടപെടുന്നതില് ഷാരൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്’- ദുല്ഖര് മാധ്യമങ്ങളോട് പറഞ്ഞു.

