ഗവര്‍ണര്‍ എന്തും പറയുന്ന നിലയിലേക്ക് എത്തി; കൈയില്‍ തെളിവുകളുണ്ടെങ്കില്‍ പുറത്തു വിടട്ടെയെന്നും എം.വി ഗോവിന്ദന്‍

കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തും പറയുന്ന നിലയിലേക്ക് എത്തിയെന്നും, തരംതാഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവര്‍ണര്‍ ഉള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ കൈയില്‍ തെളിവുകളുണ്ടെങ്കില്‍ പുറത്തു വിടട്ടെ. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധം ഉണ്ടായ സമയത്ത് ഗവര്‍ണര്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കണ്ണൂരില്‍ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാലാണെന്നും മുഖ്യമന്ത്രിക്കെതിരായ വിഡിയോയും കത്തുകളും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. ഗവര്‍ണറെ ആക്രമിച്ചാല്‍ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നത്? മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തന്നില്‍നിന്നു തേടിയിട്ടുണ്ട്, അത് പുറത്തുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കണമെന്നാവശ്യപ്പെട്ട് 3 വര്‍ഷമായി താനെഴുതുന്ന കത്തുകള്‍ക്കു മുഖ്യമന്ത്രി മറുപടി തരുന്നില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.