‘വര്‍ഗീയത രാജ്യത്തിന്റെ ആദര്‍ശമായി കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം’: പിണറായി വിജയന്‍

ഇന്ത്യയുടെ ചരിത്രം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാഗേപള്ളിയില്‍ സിപിഎഎഐഎം മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വര്‍ഗീയത രാജ്യത്തിന്റെ ആദര്‍ശമായി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. കര്‍ണാടകയില്‍ ഉണ്ടാകുന്ന വര്‍ഗീയ ഇടപെടലുകള്‍ ഗൗരവത്തോടെ കാണണം. രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ട്. പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടക. വര്‍ഗീയത കര്‍ണാടകയുടെ പാരമ്പര്യത്തിന് മങ്ങലേല്‍പ്പിക്കുകയാണ്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നത്. സംഘപരിവാര്‍ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നത്. മുസ്ലീം മതവിഭാഗങ്ങളെക്കുറിച്ച് ഭീതി പരത്തുന്നു. ഇതിന് അനുസരണമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ്. ഇതിനായി ജനാധിപത്യത്തിന്റെ മൂടുപടം അണിയുന്നു. ദേശീയതയെന്നാല്‍ ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണ്’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.