ലണ്ടൻ: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ലണ്ടനിലെത്തി. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായാണ് രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തിയത്. ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് ദ്രൗപതി മുർമു എലിസബത്ത് രാജ്ഞിയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കും.
മൂന്ന് ദിവസം രാഷ്ട്രപതി ലണ്ടനിൽ ചെലവഴിക്കും. സംസ്കാര ചടങ്ങുകളിലും ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമുള്ള വിരുന്നിലും രാഷ്ട്രപതി പങ്കെടുക്കും.സെപ്തംബർ 8നാണ് എലിസബത്ത് രാജ്ഞി സ്കോട്ട്ലാന്റിലെ ബാൽമോറൽ കൊട്ടാരത്തിൽവെച്ച് അന്തരിച്ചത്. തിങ്കളാഴ്ചയാണ് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.
സെപ്തംബർ 8 നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ബാൽമോറലിലെ വസതിയിലായിരുന്നു ജൂലൈ മുതൽ എലിസബത്ത് രാജ്ഞി കഴിഞ്ഞിരുന്നത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് എലിസബത്ത് രാജ്ഞിയ്ക്ക് സ്വന്തമാണ്.
1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ രാജ്ഞി ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട്.

