മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറേ കാലമായി ഇത് സഹിക്കുന്നു. രാജഭരണം അല്ലാലോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവർണറുടെ മട്ട്. കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കെതിരെ ഇന്നും വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നുവെന്നും കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
തന്നെ ആക്രമിച്ച ദൃശ്യങ്ങൾ ഞായറാഴ്ച്ച പുറത്തുവിടും. ഗവർണക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷണം നടത്താനെന്നും അദ്ദേഹം ചോദിക്കുന്നു. സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

