‘മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ലെന്നാവും അടുത്തത്’; വി. മുരളീധരനെ പരിഹസിച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്റെ പരാമര്‍ശത്തെ ട്രോളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത്. ‘മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും, മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല…’ ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

‘നര്‍മദാ നദീതീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലി. അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ല. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം. എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാണെന്ന് കരുതുന്ന മലയാളി മഹാബലിയേയും ദത്തെടുക്കുകയായിരുന്നു’- എന്നായിരുന്നു ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെ മുരളീധരന്റെ പരാമര്‍ശം.