‘ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തത്, എടുത്തുകളയണം’: ഇ.പി ജയരാജന്‍

പയ്യന്നൂര്‍: സര്‍ക്കാരും ഗവര്‍ണറും പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്‍ രംഗത്ത്. പയ്യന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.പി ജയരാജന്റെ വാക്കുകള്‍

‘ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തതാണെന്നും ആ പദവിതന്നെ എടുത്തുകളയണം. ആ പദവിയില്‍ ഇരുന്ന് ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു. മാസങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവമാണ് ഇപ്പോള്‍ വിളിച്ചു പറയുന്നത്. അന്ന് ഗവര്‍ണറോ ബന്ധപ്പെട്ട മാറ്റാരെങ്കിലുമോ പരാതി നല്‍കിയിട്ടില്ല. ആരുടെയോ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇതിലൂടെ ആ സ്ഥാനം തന്നെ മലീമസമാക്കുന്നു. ഗവര്‍ണര്‍ സ്വമേധയാ ചെറുതായിക്കൊണ്ടിരിക്കുന്നു. ബില്ലില്‍ ഒപ്പിടില്ല എന്നു പറയാന്‍ കഴിയില്ല. എന്തടിസ്ഥാനത്തിലാണത് പറയുന്നതെന്നറിയില്ല. കര്‍ട്ടന് പിന്നില്‍ നിന്ന് കളിക്കുന്നവരല്ല സിപിഎം കാര്‍. ഉള്ളത് പറയും. ഇഷ്ടങ്ങള്‍ക്കനുസരിച്ച് വാക്ക് മാറ്റില്ല. ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന ആളാണ് മുഖ്യമന്ത്രി. മന്ത്രി ശിവന്‍ കുട്ടി പ്രത്യേകം ഒന്നും പറയണ്ട കാര്യമില്ല. ശിവന്‍ കുട്ടി അന്ന് ബോധം ഇല്ലാതെ കിടക്കുകയായിരുന്നു. ഞാന്‍ ആ സംഭവത്തിന് ദൃക്‌സാക്ഷിയാണ്. കേരളം നന്നാവരുത് എന്ന് കരുതുന്നവരാണ് വിദേശയാത്രയെ എതിര്‍ക്കുന്നത്. പല മാതൃകകളും കണ്ട് പഠിക്കേണ്ടിവരും. അതിനാണ് മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നത്.
പട്ടി കടിക്കുന്നത് സാധാരണ സംഭവമാണ്. ഇവിടെ മജിസ്‌ട്രേറ്റിനെ വരെ പട്ടി കടിച്ചില്ലേ. മാധ്യമങ്ങള്‍ ഭീതി പരത്തുകയാണ്. കടിക്കുന്ന പട്ടിയെ തല്ലി കൊല്ലരുത് എന്നാണ് കോടതി പോലും പറഞ്ഞത്. അതിനെ വലിയ വാര്‍ത്തയാക്കാന്‍ ശ്രമിക്കരുത്.