ജെഫ് ബെസോസിനെ വീഴ്ത്തി അദാനി; ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നന്‍

ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണും ഇന്ത്യന്‍ ശതകോടീശ്വരനുമായ ഗൗതം അദാനി. ഫോര്‍ബ്സിന്റെ തത്സമയ ഡാറ്റ പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി. 2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്.

അതേസമയം, ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ബിഎസ്ഇയില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ ഗൗതം അദാനിയുടെ തത്സമയ ആസ്തി വര്‍ധിച്ചു. 70 ബില്യണ്‍ ഡോളറിലധികമാണ് അദാനി തന്റെ സാമ്പത്തിലേക്ക് 2022-ല്‍ കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍, മുകേഷ് അംബാനിയെ മറികടന്ന് അദാനി ഏഷ്യയിലെ ഏറ്റവും ധനികനായി. ഏപ്രിലില്‍ മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കി ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി. തുടര്‍ന്ന് ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 92.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി എട്ടാം സ്ഥാനത്ത് ഉണ്ട്.