സർക്കാർ കാഴ്ചക്കാരുടെ റോളിൽ; മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്ന് അങ്കമാലി അതിരൂപത

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത. തെരുവുനായ വിഷയത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഗുരുതരമായ തെരുവുനായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത വ്യക്തമാക്കി. മുഖപത്രത്തിലെ ലേഖനത്തിലാണ് അതിരൂപത നിലപാട് വ്യക്തമാക്കിയത്. തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളതെന്നും അതിരൂപത വിമർശിച്ചു.

മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്നാണ് കേരളത്തിലെ നിലവിലെ അവസ്ഥ. നായ കടിയേറ്റ് റാബീസ് വാക്‌സിൻ സ്വീകരിച്ചവർ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. വാക്‌സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു. നായ്ക്കളെ കൊല്ലരുത് എന്ന് പറയുന്നവർ അതിന്റെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും അതിരൂപത കൂട്ടിച്ചേർത്തു.

അതേസമയം, പേവിഷ നിർമാർജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഇതിന്റെ ഭാഗമായി വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പത്രസമ്മേളനത്തിൽ അറിയിച്ചു.സെപ്റ്റംബർ മാസം പേവിഷ പ്രതിരോധ മാസമായാണ് ആചരിക്കുന്നത്.മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ വാർഡ് തലത്തിൽ ക്യാംപുകൾ സംഘടിപ്പിച്ച് വളർത്തു നായ്ക്കൾക്ക് റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരം പ്രതിരോധ കുത്തിവെയ്പ്പ് നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

വളർത്തു നായ്ക്കൾക്ക് നിർബന്ധിത പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസൻസും നിർബന്ധമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൻറെ കൈവശമുള്ള ആറുലക്ഷം ഡോസ് വാക്സിനുകൾ എല്ലാ മൃഗാശുപത്രികൾക്കും കൈമാറിയിട്ടുണ്ട്. ഇനിയും നാല് ലക്ഷത്തോളം വാക്സിനുകളാണ് ജില്ലകളിൽ നിന്നും ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ വാങ്ങി നൽകുന്നതിന് നടപടികളാരംഭിച്ചു. സെപ്റ്റംബർ 30 ന് മുൻപ് ഈ പ്രവർത്തനം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ തെരുവ് നായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഇതിനുവേണ്ടി 170 ഹോട്ട്സ്പോട്ടുകൾ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.