ലോകത്തെ 58 മുന്‍നിര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജരാണ്: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമാണ് വന്‍കിട കമ്പനികളുടെ ഏറ്റവും മികച്ച തലവന്മാരെ വാര്‍ത്തെടുക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കാഞ്ചീപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡിസൈന്‍ ആന്റ് മാന്യുഫാക്ചറിങ്ങില്‍ ശനിയാഴ്ച നടന്ന കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന്

‘എസ് ആന്റ് പിയിലെ മികച്ച 500 കമ്പനികളുടെ തലവന്മാരില്‍ അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ വംശജരാണ്. ആഗോള തലത്തില്‍, നിങ്ങള്‍ക്ക് ഇതിനകം അറിയാവുന്ന കാര്യമായിരിക്കാം ഞാന്‍ പറയുന്നത്, 58 മുന്‍നിര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജരാണ്. മള്‍ട്ടിനാഷനല്‍ സ്ഥാപനങ്ങളായ 11 കമ്പനികളില്‍ ഇവരുണ്ട്. ഈ സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു ലക്ഷം കോടിയുടെ വരുമാനവും നാല് ലക്ഷം കോടിയുടെ ടേണോവറും ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസം ലഭിച്ച 58 സിഇഒമാര്‍ വന്‍കിട സ്ഥാപനങ്ങളുടെ തലവന്മാരായി ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ പോലും നമ്മുടെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള ശ്രമം തുടരേണ്ടതുണ്ട്. ഇത്തരം നേട്ടങ്ങള്‍ ആവര്‍ത്തിക്കുന്ന തരത്തില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. ഇന്ത്യ ഒരു കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ആഗോള സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന തലവന്മാര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജരാണ്. സിലിക്കണ്‍ വാലി സ്റ്റാര്‍ട്ട് അപ്പുകളില്‍ 25 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജരാണെന്നത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ ജനസംഖ്യയില്‍, ജോലി ചെയ്യുന്നവരുടെ എണ്ണം 2028-ല്‍ ചൈനയെ മറികടക്കും. 2036-ഓടെ ജനസംഖ്യയുടെ 65 ശതമാനം പേര്‍ തൊഴിലെടുക്കുന്നവരാകും. 2047 വരെ ഈ സ്ഥിതി തുടരും. വിദ്യാഭ്യാസവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യം ആവശ്യമാണ്. ഇതോടൊപ്പം പരിശീലനവും തുല്യ അവസരവും ലഭ്യമാക്കിയെങ്കില്‍ മാത്രമേ ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി അവര്‍ക്ക് സംഭാവന നല്‍കാന്‍ കഴിയൂ. ഇന്നുതന്നെ അവര്‍ക്ക് പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ വംശജയായ ദേവിക ബുല്‍ചന്ദാനിയെ കഴിഞ്ഞ ആഴ്ചയാണ് പരസ്യ ഏജന്‍സിയായ ഒഗില്‍വിയുടെ സിഇഒ ആയി നിയമിച്ചത്. അതിനു മുന്‍പ് കോഫീ ഷോപ്പ് ശൃംഖലയിലെ വന്‍കിട സ്ഥാപനമായ സ്റ്റാര്‍ബക്‌സിന്റെ തലവനായി മറ്റൊരു ഇന്ത്യാക്കാരനായ ലക്ഷ്മണ്‍ നരസിംഹന്‍ നിയമിതനായിരുന്നു. ആല്‍ഫയുടെ തലവന്‍ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, ട്വിറ്റര്‍ തലവന്‍ പരാഗ് അഗര്‍വാള്‍, ചാനല്‍ കമ്പനിയുടെ മേധാവി ലീന നായര്‍ എന്നിവരെല്ലാം ഇന്ത്യന്‍ വംശജരാണ്.’