കണ്ണൂർ : നിയമസഭാ കയ്യാങ്കളി കേസിൽ വിചിത്ര വാദവുമായി ഇ പി ജയരാജൻ. സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്നും എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. ആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ് യുഡിഎഫ് എത്തിയതെന്നും ഇപി ജയരാജൻ പറയുന്നു. വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള കേസിലാണ് ഇപി ജയരാജന്റെ വിചിത്രവാദം.
പ്രകോപനപരമായ രീതിയിൽ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് ഭരണപക്ഷത്തിൽ നിന്നും ഉണ്ടായത്. ഇതോടെ പ്രതിഷേധമുണ്ടായി. പ്രതിപക്ഷത്തെ മസിൽ പവറോടെ നേരിടുകയാണ് യുഡിഎഫ് അംഗങ്ങൾ ചെയ്തതെന്നും കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫാണെന്നും അദ്ദേഹം ആരോപിച്ചു. വി ശിവൻകുട്ടിയെ തല്ലിബോധം കെടുത്തി. പലരേയും ആക്രമിച്ചു. വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു. യുഡിഎഫ് സർക്കാർ അവരുടെ അംഗങ്ങൾ ആക്രമിക്കുന്ന കയ്യേറ്റം ചെയ്യുന്ന വീഡിയോ പറത്ത് വരാതിരിക്കാൻ നീക്കം നടത്തിയെന്നും ജയരാജൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, നിയമസഭാ കയ്യാങ്കളി കേസ് പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ പ്രതികൾ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. സെപ്തംബർ 26 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
കെ ടി ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ കെ അജിത് കുമാർ, സി കെ സദാശിവൻ, കെ കുഞ്ഞഹമ്മദ് തുടങ്ങിയവരെല്ലാം കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായാണ് ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. എന്നാൽ, ഇ പി ജയരാജൻ കോടതിയിൽ ഹാജരായില്ല. അസുഖത്തെ തുടർന്ന് വിശ്രമത്തിലാതിനാലാണ് ഇ പി ജയരാജൻ ഹാജരാകാതിരുന്നതെന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

