കെപിസിസി അധ്യക്ഷനെ എഐസിസി തീരുമാനിക്കും; പ്രമേയം പാസാക്കി

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിയില്‍ നിക്ഷിപ്തമാക്കുന്ന പ്രമേയം രമേശ് ചെന്നിത്തല കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പാസാക്കി. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു. 254 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ യോഗമാണ് ഇന്ന് ചേര്‍ന്നത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു അജണ്ട. അധ്യക്ഷനായി കെ.സുധാകരന്‍ തന്നെ തുടരാന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് കെപിസിസി അധ്യക്ഷനെയും കെപിസിസി ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാഗാന്ധിക്ക് തീരുമാനിക്കാം എന്ന പ്രമേയം പാസാക്കിയത്. അധ്യക്ഷനെ നോമിനേറ്റ് ചെയ്യാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയത് ഏകകണ്ഠമായാണെന്ന് ജി പരമേശ്വര പ്രതികരിച്ചു.