ബി.സി.സി.ഐ തലപ്പത്ത് ഇവര്‍ തന്നെ

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി. ഇരുവര്‍ക്കും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇവരുടെ ഭരണ കാലാവധി നീട്ടുന്നതിനായി ബി.സി.സി.ഐ മുന്നോട്ട് വെച്ച ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. ബി.സി.സി.ഐ കേസിലെ സുപ്രധാനമായ ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ഒരു ടേം കൂടി സ്ഥാനങ്ങളില്‍ തുടരാന്‍ ബി.സി.സി.ഐ ഭരണഘടന ഭേദഗതി ചെയ്യണമായിരുന്നു.

സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വര്‍ഷം വീതം രണ്ട് ടേം ഭരണ സമിതിയിലുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ബി.സി.സി.ഐ ഭാരവാഹികളായത്. ഇതോടെ ആകെ 9 വര്‍ഷം ഇരുവരും ഭരണ സമിതികളില്‍ പൂര്‍ത്തിയാക്കി. വീണ്ടും ഭരണസമിതിയില്‍ തുടരാന്‍ ബി.സി.സി.ഐ ഭരണഘടന ഇരുവരെയും അനുവദിക്കുന്നില്ല.
തുടര്‍ച്ചയായി ഭരണത്തിലിരുന്നാല്‍ സ്ഥാനത്ത് നിന്ന് കുറച്ചു കാലം മാറി നില്‍ക്കണമെന്ന് ബി.സി.സി.ഐ ഭരണഘടന പറയുന്നു. ഇത് കൂളിംഗ് ഓഫ് പിരീഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതോടെയാണ് ബി.സി.സി.ഐ കേസുമായി സുപ്രീം കോടതിയിലെത്തുന്നത്. ഈ കേസിലാണ് ബി.സി.സി.ഐയുടെ ഭരണഘടനയില്‍ ഭേദഗതി അനുവദിച്ചു കൊണ്ട് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.