കൊച്ചി: ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് വ്യാഴാഴ്ച കേരളത്തിലെത്തും. നാലു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
സംഘടനാപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉച്ചയോടെയായിരിക്കും അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയിയെ മോഹൻ ഭഗവത് സന്ദർശിക്കുമെന്നും പാർട്ടി അറിയിച്ചു.
പിന്നീട് അദ്ദേഹം എറണാകുളത്തേക്ക് പോകും. കൊച്ചിയിലെ ആർ എസ് എസ് പ്രാന്ത കാര്യാലയം സന്ദർശിക്കും. 16, 17, 18 തീയതികളിൽ തൃശൂർ ജില്ലയിൽ അദ്ദേഹം വിവിധപരിപാടികളിൽ പങ്കെടുക്കും. തൃശ്ശൂർ ശങ്കരമഠത്തിലും അദ്ദേഹം സന്ദർശിക്കും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം, സെപ്തംബർ 18ന് രാവിലെ മുതൽ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ് ബൈഠക്കിലും അദ്ദേഹം പങ്കെടുക്കും.

