സോണിയാ ഗാന്ധി തന്നെ അടുത്ത കോൺഗ്രസ് പ്രസിഡന്റിനെ നിർദ്ദേശിക്കണം; പ്രമേയം പാസാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്ക് നിർദ്ദേശം

ന്യൂഡൽഹി: നിലവിലെ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി തന്നെ അടുത്ത കോൺഗ്രസ് പ്രസിഡന്റിനെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾക്ക് നിർദ്ദേശം ലഭിച്ചതായി റിപ്പോർട്ട്. എഐസിസി അംഗങ്ങൾക്കും കോൺഗ്രസ് ദേശീയ നേതൃത്വം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയെന്നാണ് വിവരം.

സെപ്തംബർ ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണ് കോൺഗ്രസ് അധ്യക്ഷൻമാർക്ക് ലഭിച്ചിട്ടുള്ള നിർദേശം. 24 മുതൽ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പണം നടത്തേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിക്കില്ല. രാഹുൽ ഗാന്ധിയും മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടാണ് ഗാന്ധി കുടുംബത്തിന് താത്പര്യമുള്ളത്. സോണിയ ഗാന്ധി പുതിയ പ്രസിഡന്റിനെ നിർദേശിക്കുന്ന സാഹചര്യമുണ്ടായാൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

രാഹുൽ ഗാന്ധി തന്നെ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.