ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കേന്ദ്ര ബാലാവകാശ കമ്മിഷൻ. കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നടപടി. ഭാരത് ജോഡോ യാത്രയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹർ ബാൽ മഞ്ചാണ് ഇതിന് പിന്നിലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അന്വേഷണവും നടപടിയും വേണമെന്ന ആവശ്യമാണ് കേന്ദ്ര ബാലാവകാശ കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ചയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ ആരംഭിച്ചത്.
കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. 19 ദിവസമാണ് പദയാത്ര കേരളത്തിലൂടെ കടന്നുപോകുന്നത്. മുതിർന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ളത്.

