അസുഖത്തെ തുടര്‍ന്ന് വിശ്രമം; നിയമസഭാ കയ്യാങ്കളി കേസില്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാവില്ല

അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ നിയമസഭാ കയ്യാങ്കളി കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാകാനാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്‍ അറിയിച്ചു. എന്നാല്‍, വി ശിവന്‍കുട്ടിയും കെ ടി ജലീലും ഇന്ന് ഹാജരാകും.

അതേസമയം, വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.