കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഓണ കിറ്റ് കിട്ടാതെ റേഷന്‍ കടകളില്‍ നിന്ന് മടങ്ങിയവര്‍ക്ക് അത് ലഭ്യമാക്കാന്‍ ‘സത്യപ്രസ്താവന’യുമായി സര്‍ക്കാര്‍. ഉത്രാട ദിവസം രാത്രി എട്ടിനകം കടകളിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരാണെന്ന് റേഷനിങ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈഓഫീസര്‍, ജില്ലാ സപ്ലൈഓഫീസര്‍ എന്നിവര്‍ ഉറപ്പാക്കി ഒപ്പിട്ടു നല്‍കാനുള്ള ഒരു സത്യപ്രസ്താവനയാണ് പുറത്തിറക്കിയത്.
‘….എന്ന വ്യക്തി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നല്‍കുന്ന ഓണക്കിറ്റ് സെപ്റ്റംബര്‍ ഏഴിന് രാത്രി എട്ടിനകം റേഷന്‍കടകളിലെത്തി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാല്‍, കിറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ ആയതിനുള്ള ടോക്കണ്‍ നല്‍കിയിട്ടുള്ള വിഭാഗത്തില്‍പ്പെട്ട വ്യക്തിയുമാണെന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു’- എന്നാണ് സത്യപ്രസ്താവനയിലുള്ളത്. ഇതിനുതാഴെയാണ് റേഷനിങ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈഓഫീസര്‍, ജില്ലാ സപ്ലൈഓഫീസര്‍ എന്നിവര്‍ ഒപ്പിടേണ്ടത്.
അതേസമയം, കിറ്റ് കിട്ടാതെ മടങ്ങിപ്പോയവരുടെ പേര്, ഫോണ്‍നമ്പര്‍, കാര്‍ഡ് നമ്പര്‍ എന്നിവ കടയുടമകള്‍ എഴുതിവെക്കണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ നേരത്തെ പത്രസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇങ്ങനെ മടങ്ങിയവര്‍ക്ക് കിറ്റെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

