രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നു; ബിജെപിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

റോഡുകളുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും അദ്ദേഹം സംസാരിച്ചു. വളവും തിരിവും ഏറെ ഉള്ള റോഡുകളുടെ ഡിസൈനെയാണ് അദ്ദേഹം വിമർശിച്ചത്. അതേസമയം, കെ റെയിൽ സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ നൽകി.

സമരസമിതി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. കെ റെയിൽ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കൾ വ്യക്തമാക്കി. പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമാണ്. ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.