മുംബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പുതിയ ജഴ്സി. രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യരാണ് എംപിഎല്ലിന്റെ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. നിലവില്‍ കടും നീല നിറത്തിലുള്ള ജഴ്സിയാണ് ഇന്ത്യയുടേത്. എന്നാല്‍, ടീസറില്‍ കാണാന്‍ കഴിയുന്നത് ഇളം നീലനിറത്തിലുള്ള ജഴ്സിയാണ്. 2003ല്‍ ലോകകപ്പില്‍ ഇന്ത്യ ഉപയോഗിച്ച ജഴ്സിക്ക് സമാനമാണെന്നാണ് ട്വിറ്ററിലെ ക്രിക്കറ്റ് ആരാധകര്‍ പങ്കുവെക്കുന്നത്. അതേസമയം ടീസറില്‍ ജഴ്‌സി ഏതെന്ന് വ്യക്തമാക്കുന്നില്ല.
ജഴ്സിയുടെ മുകളില്‍ ട്രാക്ക് സ്യൂട്ട് ധരിച്ചാണ് താരങ്ങളുടെ വരവ്. എംപിഎല്‍ ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സറായതിന് ശേഷം ഇത് ഇന്ത്യയുടെ മൂന്നാമത്തെ ജഴ്സിയാണ്. അതേസമയം ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതിലും ഷമിയെ സ്റ്റാന്‍ഡ് ബൈ ആയി ഉള്‍കൊള്ളിച്ചതിലുമൊക്കെയാണ് പ്രതിഷേധം. മോശം ഫോമിലുള്ള റിഷബ് പന്തിന് നിരന്തരം അവസനം നല്‍കുന്നതിനെയും ഇവര്‍ വിമര്‍ശിക്കുന്നു.

