ലാവ്‌ലിൻ കേസ്; സിബിഐയുടെ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല

ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ സിബിഐയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഭരണഘടനാബെഞ്ചിലെ വാദം നീണ്ടുപോകുന്നതിനാലാണ് കേസ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും. ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തേ ലിസ്റ്റ് ചെയ്തിരുന്നത്. സാമ്പത്തിക സംവരണത്തിനെതിരായ ഹരജികളിലെ വാദമാണ് ഭരണഘടനാ ബെഞ്ചിൽ നടക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂവെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു.

ഹർജികൾ പല തവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹർജിക്കാരിൽ ഒരാളായ ടി പി നന്ദകുമാറിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് സെപ്തംബർ 13ലെ പട്ടികയിൽ നിന്ന് ഹർജികൾ നീക്കരുതെന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയിരുന്നു.

മുപ്പതിലേറെ തവണയാണ് ലാവ്ലിൻ കേസ് മാറ്റിവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സെപ്തംബർ 13 ലേക്ക് പരിഗണിക്കാൻ മാറ്റുമ്പോൾ തന്നെ ലാവലിൻ കേസ് ഇനി മാറ്റിവെക്കാൻ ഇടയാകരുതെന്ന് ചീഫ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഭരണഘടന ബെഞ്ച് കേസുകൾ പൂർത്തികരിച്ചാൽ മാത്രമേ ഈ കേസുകൾ പരിഗണിക്കൂവെന്നാണ് വിവരം.

2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.

2017 ആഗസ്റ്റ് 23നാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിൻറ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ 2018 ജനുവരി 11ന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹരജികൾ മാറ്റിവെച്ചത്.