ജയിലില്‍ തുടരും; ഇ.ഡി കേസില്‍ ജാമ്യം കിട്ടാതെ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാനാവില്ലെന്ന് ജയില്‍ അധികൃതര്‍

ലഖ്നൗ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരുമെന്ന് ലഖ്‌നൗ ജയില്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം 19നാണ് ഇ.ഡി കേസ് ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. അതേസമയം, കാപ്പന്‍ ഹത്രാസിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരായ ഇ.ഡി കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ജാമ്യം അനുവദിച്ചത്. യുപി സര്‍ക്കാരിന് എന്ത് തെളിവുകളാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത് എന്ന് കോടതി ചോദിച്ചിരുന്നു. ഐഡി കാര്‍ഡുകളും ചില ലഘുലേഖകളും കണ്ടെത്തിയെന്നായിരുന്നു യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയുടെ വാദം. എന്നാല്‍, അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിന്റെ ലഘുലേഖ എങ്ങനെ ഹാത്രസിലെ കലാപത്തിന് തെളിവാകുമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. യുപി സര്‍ക്കാരന്റെ വാദങ്ങള്‍ അംഗീകരിക്കാതിരുന്ന കോടതി ഇത്രയും കാലം ജയിലില്‍ കിടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുകയാണെന്ന് വ്യക്തമാക്കി.അടുത്ത ആറാഴ്ച കാപ്പന്‍ ഡല്‍ഹിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാന്‍ സാധിക്കൂ.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.