ട്രെയിൻ ടൈം; ട്രെയിനിൽ നഷ്ടപ്പെടുന്ന സാധന സാമഗ്രികൾ കണ്ടെത്തി നൽകാൻ സന്നദ്ധ സംഘങ്ങൾ

പെരിന്തൽമണ്ണ: ട്രെയിനിൽ നഷ്ടപ്പെടുന്ന സാധന സാമഗ്രികൾ കണ്ടെത്തി നൽകാൻ സന്നദ്ധ സംഘങ്ങൾ. യാത്രക്കാരെ സഹായിക്കുക എന്ന ലക്ഷ്യം കൂടി സന്നദ്ധ കൂട്ടായ്മയ്ക്കുണ്ട്. റെയിൽവേയിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവരും സ്ഥിരം ട്രെയിൻ യാത്രക്കാരുമാണ് അംഗങ്ങൾ. ‘ട്രെയിൻ ടൈം’ എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ആയിരത്തിലേറെ പേർക്ക് സംഘടന ഇതിനോടകം സഹായം നൽകിയിട്ടുണ്ട്.

ട്രെയിനിൽ നഷ്ടപ്പെടുകയോ മറന്നു വയ്ക്കുകയോ ചെയ്ത താക്കോൽകൂട്ടം മുതൽ വലിയ ലഗേജുകൾ വരെ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂട്ടായ്മയെ വിവരം അറിയിക്കുന്ന നിമിഷം മുതൽ അന്വേഷണവും തെരച്ചിലും ആരംഭിക്കും. യാത്രക്കാരുടെ പഴ്സ്, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്, സ്വർണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവയെല്ലാം കണ്ടെത്തി നൽകും. കൂട്ടായ്മയിലെ 5000 പേരെയും പരസ്പരം ബന്ധിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ട്.

ട്രെയിനുകളുടെ സമയവും മറ്റ് വിവരങ്ങളും യാത്രക്കാർക്ക് ലഭ്യമാക്കാനും വാട്‌സ്ആപ്പ് കൂട്ടായ്മകളുണ്ട്. റെയിൽവേ സംരക്ഷണ സേനയുടെ സഹകരണവും ഇടപെടലും പ്രവർത്തനങ്ങൾക്ക് കൂട്ടായുണ്ട്. റെയിൽവേ ഹാൾട്ട് അസിസ്റ്റന്റ് സലീം ചുങ്കത്തിന്റെ നേതൃത്വത്തിൽ 2006 ൽ തുടങ്ങിയതാണ് കൂട്ടായ്മ.